ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010 ജനുവരി 30, ശനിയാഴ്‌ച

മണല്‍ക്ഷാമം രൂക്ഷം....ലവന്‍ ഗണപതി ആകുമോ???

ഒരു ലോഡ് മണല് കിട്ടിയിട്ട് വേണം ഒന്ന് കല്യാണം കഴിക്കാന്‍...ചിരിക്കരുത്...ഇത് സത്യമാണ്...എന്റെ ഒരു സുഹൃത്ത്‌ വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ക്കും (ചില നാട്ടുകാര്‍ക്കും) താല്പര്യം. അതിന്റെ പ്രാരംഭ നടപടി ആയി വീട് പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു. പുനരുദ്ധാരണം എന്ന് പറഞ്ഞാല്‍ വലിയ ഉദ്ധാരണം ഒന്നുമില്ല. വീടിനോട് ചേര്‍ന്ന് ഒരു മുറി ഇറക്കുക. വരുന്ന പെങ്കൊച്ചിനു താമസിക്കണ്ടേ...ആധ്യഘട്ടമായി വാനം തോണ്ടല്‍ കഴിഞ്ഞു. തറ കെട്ടാന്‍ വേണ്ടി ഉള്ള കല്ല്‌, സിമന്റ്‌ ആദിയായവ എല്ലാം കിട്ടി... പക്ഷെ മണല്‍ ഇല്ല. മണല്‍ കിട്ടാനില്ല. മണല്‍ എവിടെ???

മന്ത്രി പറയുന്നു മണല്‍ ടാമിലുണ്ട്. ചെന്ന് മുങ്ങി എടുത്താല്‍ മതി എന്ന്...അതിനായി പ്രത്യേകമായി എന്തോ കോര്‍പരേഷന്‍ സ്ഥാപിക്കാന്‍ പോകുന്നു എന്നും പറയുന്നു. മണല്‍ വാരല്‍ കോര്‍പരേഷന്‍. ... വേറൊരു പുള്ളിക്കാരന്‍ പറയുന്നു മണല്‍ ഇറാനില്‍ നിന്നും കൊണ്ട് വരുമെന്ന്. അണ്ണാ...ഈ ഇറാന്‍ , ഉഗാണ്ട എന്നൊക്കെ പറഞ്ഞു ആളുകളെ പേടിപ്പിക്കാതെ ( കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈ എന്ന് അസൂയാക്കാര്‍) വല്ലോം നടക്കുമോ എന്ന് പറ. ഒരു കല്യാണ കാര്യമാണ്. അതോ മണല് കിട്ടാതെ ലവന്റെ കല്യാണം ഒരു ഗണപതി കല്യാണം പോലെ ആകുമോ??? അങ്ങനെ വരികയാണെങ്കില്‍ മണല്‍ കിട്ടാതെ ഇരുന്നതിനാല്‍ കല്യാണം കഴിക്കാത്ത ഏക വ്യക്തി എന്ന ഖ്യാതി ലവന്‍ അടിക്കും.

പിന്‍കുറിപ്പ്: വാനം വെട്ടിയ കുഴി ഇപ്പോള്‍ ആന ഇറങ്ങാതിരിക്കാന്‍ തീര്‍ത്ത കിടങ്ങ് പോലെയായി. ആളുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചാടി കടക്കേണ്ട അവസ്ഥയും വയ്യാത്ത അച്ഛന് വീട്ടിന്നു പുറതോട്ടിറങ്ങാന്‍ പറ്റാത്ത അവസ്ഥയുമായി മാറി...
ഈ കദന കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ആലോചിക്കയാണ്. എനിക്കൊന്നു കല്യാണം കഴിക്കണമെങ്കില്‍ വീടിനു ഒരു സമൂല മാറ്റം വരുത്തേണ്ടി വരും. ഇപ്പോള്‍ തന്നെ ഞാന്‍ ഹാള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മുന്‍പിലത്തെ മുറിയില്‍ വളരെ കഷ്ടപ്പെട്ടാണ് ഉറങ്ങുന്നത്. പെണ്ണുമായി അവിടെ കിടന്നാല്‍.....ആളുകള്‍ എന്ത് വിചാരിക്കും....ഛെ അല്ലേല്‍ ലവള്‍ എന്ത് കരുതും. അതുകൊണ്ട് ഞാന്‍ കരുതുന്നത് ഇറാനില്‍ നിന്നും മണ്ണ് വന്നാല്‍ കെട്ടാം എന്നാണ്. മണ്ണ് വന്നില്ലെങ്കില്‍ മൂക്കില്‍ പല്ലുമായി പുര പൊളിക്കാന്‍ നോക്കാം...
ഇതിനുള്ള മരുന്ന് തന്ന ലവന് നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ