ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010, ജനുവരി 31, ഞായറാഴ്‌ച

കല്യാണപിറ്റേന്ന് ...

ഇന്ന് ജനുവരി മുപ്പത്തിയൊന്നു രണ്ടായിരത്തിപത്ത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു ''കല്യാണപിറ്റേന്ന്'' ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ അനുജത്തിയുടെ വിവാഹമായിരുന്നു ഫെബ്രുവരി ഒന്ന് രണ്ടായിരത്തി ഒന്‍പതിന്. ഞാന്‍ ഉറങ്ങാതിരുന്ന ചുരുക്കം ചില രാത്രികളില്‍ ഒന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസം. നാളെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന പ്രിയപ്പെട്ട അനുജത്തിക്കും അളിയനും ഇനിയും ഒരുപാടു വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്ന് സര്‍വേശരനോട് പ്രാര്‍ത്ഥിക്കുന്നു...

Danny...Danniel Thomson. ''No arguments. I am leaving''

ടി വി ചന്ദ്രന്റെ ഡാനി ഇന്ന് വീണ്ടും കണ്ടു. ഇപ്പോള്‍ ഇങ്ങനെ ഒരു സാധനം ഇവിടെ ഉള്ളത് കൊണ്ട് രണ്ടു വാക്കുകള്‍ എഴുതാതിരിക്കാന്‍ വയ്യ. ഒരു മനുഷ്യന്റെ ജീവിതം വളരെ മനോഹരമായി, അയാളുടെ വിഷമതകള്‍ മറ്റുള്ളവര്‍ക്ക് തമാശയായി അവതരിപ്പിച്ചിരിക്കുന്നു. ആരോടും പരിഭവമില്ല. പിണക്കവും ഇല്ല. ജീവിതത്തിനു ഒരു അര്‍ത്ഥവുമില്ല. ഡാനി ചുമ്മാതെ ജീവിച്ചു മരിച്ചു. ഇപ്പോളും ജീവിച്ചിരിക്കുന്ന ഡാനിമാരെ മനസ്സില്‍ ഓര്‍ക്കുന്നു. അവരും ഒരു നാള്‍ മരിക്കും. അപ്പോളും കുറെ ഡാനിമാര്‍ ജീവിച്ചിരിക്കും. ഡാനിമാര്‍ ഇല്ലാതെ എന്ത് ലോകം. അവരില്ല എങ്കില്‍ മാഗിമാര്‍ക്ക് നിലനില്പില്ലല്ലോ. ടി വി ചന്ദ്രന് അഭിവാദനങ്ങള്‍. ഒപ്പം ഡാനിക്കും...

''No arguments. I am leaving''
Danny.

2010, ജനുവരി 30, ശനിയാഴ്‌ച

മണല്‍ക്ഷാമം രൂക്ഷം....ലവന്‍ ഗണപതി ആകുമോ???

ഒരു ലോഡ് മണല് കിട്ടിയിട്ട് വേണം ഒന്ന് കല്യാണം കഴിക്കാന്‍...ചിരിക്കരുത്...ഇത് സത്യമാണ്...എന്റെ ഒരു സുഹൃത്ത്‌ വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ക്കും (ചില നാട്ടുകാര്‍ക്കും) താല്പര്യം. അതിന്റെ പ്രാരംഭ നടപടി ആയി വീട് പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു. പുനരുദ്ധാരണം എന്ന് പറഞ്ഞാല്‍ വലിയ ഉദ്ധാരണം ഒന്നുമില്ല. വീടിനോട് ചേര്‍ന്ന് ഒരു മുറി ഇറക്കുക. വരുന്ന പെങ്കൊച്ചിനു താമസിക്കണ്ടേ...ആധ്യഘട്ടമായി വാനം തോണ്ടല്‍ കഴിഞ്ഞു. തറ കെട്ടാന്‍ വേണ്ടി ഉള്ള കല്ല്‌, സിമന്റ്‌ ആദിയായവ എല്ലാം കിട്ടി... പക്ഷെ മണല്‍ ഇല്ല. മണല്‍ കിട്ടാനില്ല. മണല്‍ എവിടെ???

മന്ത്രി പറയുന്നു മണല്‍ ടാമിലുണ്ട്. ചെന്ന് മുങ്ങി എടുത്താല്‍ മതി എന്ന്...അതിനായി പ്രത്യേകമായി എന്തോ കോര്‍പരേഷന്‍ സ്ഥാപിക്കാന്‍ പോകുന്നു എന്നും പറയുന്നു. മണല്‍ വാരല്‍ കോര്‍പരേഷന്‍. ... വേറൊരു പുള്ളിക്കാരന്‍ പറയുന്നു മണല്‍ ഇറാനില്‍ നിന്നും കൊണ്ട് വരുമെന്ന്. അണ്ണാ...ഈ ഇറാന്‍ , ഉഗാണ്ട എന്നൊക്കെ പറഞ്ഞു ആളുകളെ പേടിപ്പിക്കാതെ ( കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈ എന്ന് അസൂയാക്കാര്‍) വല്ലോം നടക്കുമോ എന്ന് പറ. ഒരു കല്യാണ കാര്യമാണ്. അതോ മണല് കിട്ടാതെ ലവന്റെ കല്യാണം ഒരു ഗണപതി കല്യാണം പോലെ ആകുമോ??? അങ്ങനെ വരികയാണെങ്കില്‍ മണല്‍ കിട്ടാതെ ഇരുന്നതിനാല്‍ കല്യാണം കഴിക്കാത്ത ഏക വ്യക്തി എന്ന ഖ്യാതി ലവന്‍ അടിക്കും.

പിന്‍കുറിപ്പ്: വാനം വെട്ടിയ കുഴി ഇപ്പോള്‍ ആന ഇറങ്ങാതിരിക്കാന്‍ തീര്‍ത്ത കിടങ്ങ് പോലെയായി. ആളുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചാടി കടക്കേണ്ട അവസ്ഥയും വയ്യാത്ത അച്ഛന് വീട്ടിന്നു പുറതോട്ടിറങ്ങാന്‍ പറ്റാത്ത അവസ്ഥയുമായി മാറി...
ഈ കദന കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ആലോചിക്കയാണ്. എനിക്കൊന്നു കല്യാണം കഴിക്കണമെങ്കില്‍ വീടിനു ഒരു സമൂല മാറ്റം വരുത്തേണ്ടി വരും. ഇപ്പോള്‍ തന്നെ ഞാന്‍ ഹാള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മുന്‍പിലത്തെ മുറിയില്‍ വളരെ കഷ്ടപ്പെട്ടാണ് ഉറങ്ങുന്നത്. പെണ്ണുമായി അവിടെ കിടന്നാല്‍.....ആളുകള്‍ എന്ത് വിചാരിക്കും....ഛെ അല്ലേല്‍ ലവള്‍ എന്ത് കരുതും. അതുകൊണ്ട് ഞാന്‍ കരുതുന്നത് ഇറാനില്‍ നിന്നും മണ്ണ് വന്നാല്‍ കെട്ടാം എന്നാണ്. മണ്ണ് വന്നില്ലെങ്കില്‍ മൂക്കില്‍ പല്ലുമായി പുര പൊളിക്കാന്‍ നോക്കാം...
ഇതിനുള്ള മരുന്ന് തന്ന ലവന് നന്ദി.

2010, ജനുവരി 19, ചൊവ്വാഴ്ച

മകള്‍........

രഞ്ജിത് അണിയിച്ചൊരുക്കിയ [രേവതി സംവിധാനം ചെയ്ത ''മകള്‍'' ] ''കേരള കഫെ'' ആണ് ആധാരം. പുഞ്ചിരിക്കുന്ന മുഖത്തിന്‌ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്ന കടുത്ത ചതിയുടെ മുഖം ആരും കാണുന്നില്ല. എത്രയോ മക്കള്‍ ഈ വഞ്ചനയുടെ ബലിയാടുകള്‍ ആവുന്നു. എത്രയോ ബാല്യങ്ങള്‍ തെരുവില്‍ പൊലിയുന്നു. അല്ലെങ്കില്‍ ജീവിതാവസാനം വരെ നരകത്തില്‍ ലയിച്ചു ജീവിക്കുന്നു. ദൈവമേ, ഇവരോട് നീ പൊറുക്കുമോ??? ഇല്ല...ദൈവതിനുമാകില്ല ഇവരോട് പൊറുക്കാന്‍........മകളെ, നിന്നെ പെറ്റ വയര്‍ ഇവരോട് പൊറുക്കട്ടെ ...

2010, ജനുവരി 10, ഞായറാഴ്‌ച

തള്ളെ, ഇപ്പറഞ്ഞത്‌ മലയാളം അല്ലെ? അതെ മലയാളം തന്നെ..............

ഞങ്ങള്‍ 2004 ഇല്‍ പഠനത്തിന്റെ ഭാഗമായി പൂനെയില്‍ പോയ കാലം. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും എന്റെ അഞ്ചു സുഹൃത്തുക്കളും. പോകുന്നതിനു മുന്‍പേ തന്നെ അറിയാമായിരുന്നു അവിടെ താമസത്തിന് വലിയ പ്രയാസമായിരിക്കും എന്ന്. അവിടെ ചെന്നപ്പോള്‍ ആണ് ശരിക്കും പ്രയാസം ആണ് എന്ന് മനസിലായത്. എല്ലാ ദിവസവും 2 പേര്‍ വീതം മൂന്നു ഗ്രൂപ്പ്‌ ആയി തിരിഞ്ഞു വീട് നോക്കാന്‍ പോകും. മൊത്തം ബ്രോക്കര്‍ മാരാണ്. എവിടെ നോക്കിയാലും ബ്രോക്കെര്‍മാര്‍. ബ്രോക്കെര്‍മാര്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് . ദൈവമേ,.. പെണ്ണുങ്ങളിലും ബ്രോക്കെര്‍മാരോ? എന്തായാലും ഞാനുള്‍പ്പെട്ട ടീം ആണ് അവസാനം കൊക്കിലോതുങ്ങുന്ന ഒരു ഫ്ലാറ്റ് കണ്ടുപിടിച്ചത്. എന്തായാലും എല്ലാരേയും കൂടെ വിളിച്ചു അവിടെ കൊണ്ട് ചെന്നു. ആ ഫ്ലാറ്റ് സമുച്ചയത്തിന്റെ സെക്രട്ടറി എന്ന് പറയുന്ന ആളിന്റെ വീട്ടിലേക്കാണ് ചെന്നത്. അയാള്‍ ഞങ്ങള്‍ എവിടുന്നു വന്നവരാണ് എന്നും കേരളത്തില്‍ എവിടെയൊക്കെ ആണെന്നും ഒക്കെ ചോദിച്ചു മനസിലാക്കി. ഹിന്ദിയിലും ഇംഗ്ലീഷിലും പിന്നെ വേണ്ട, മറാത്തിയിലും ഒക്കെ ആണ് സംസാരം. എനിക്ക് അന്നും ഇന്നും ഹിന്ദി അറിയാത്തത് കൊണ്ട് ഒന്നും മനസിലായില്ല. സുഹൃത്തുക്കള്‍ തലയട്ടുന്നുണ്ട്. അയാള്‍ പറഞ്ഞത് എല്ലാം സമ്മതിച്ചു. എന്തായാലും വീട് കിട്ടിയല്ലോ...... വലിയ കാര്യം. അങ്ങനെ അവിടെ താമസം തുടങ്ങി. ഈ ആളെ ഇടയ്ക്കു കാണും. അയാള്‍ ഞങ്ങളോട് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കും. അങ്ങനെയിരിക്കുമ്പോളാണ്, ഞങ്ങള്‍ക്ക് കുക്ക് ചെയ്യുന്നതിന് വേണ്ടി ഗ്യാസ് എടുക്കണം. അഗ്രിമെന്റ് ഉണ്ടെങ്കിലെ ഗ്യാസ് കിട്ടൂ... സെക്രെടരിയോടു പറഞ്ഞു. അയാള്‍ പറഞ്ഞു നാളെ അയാളുടെ ഫ്ലാറ്റില്‍ ചെല്ലാന്‍. അഗ്രിമെന്റ് ആവശ്യമില്ല. അയാള്‍ ഗ്യാസ് എടുക്കുന്നതിനുള്ള ബുക്ക്‌ തരാം എന്ന്.....ഓക്കേ ... ആയിക്കോട്ടെ .....വളരെ സന്തോഷം.

രാവിലെ തന്നെ അയാളുടെ ഫ്ലാറ്റില്‍ ചെന്നു. അവിടെ ചന്നപോള്‍ ആണ് അയാള്‍ ബുക്ക്‌ അന്വേഷിക്കാന്‍ തുടങ്ങിയത്. അയാളും ഭാര്യയും മക്കളും എല്ലാം കൂടി തെരയുന്നു. അയാള്‍ തെരഞ്ഞു... തെരഞ്ഞു .... ക്ഷീണിതന്‍ ആയി ഞങ്ങളോട് വന്നു സംസാരിച്ചു കൊണ്ട് സ്വീകരണമുറിയില്‍ ഇരിക്കുന്നു. ഭാര്യ അകത്തു നിന്നും പറഞ്ഞു കൊണ്ട് വരുന്നു........"ചേട്ടാ, ബുക്ക്‌ കിട്ടി ചേട്ടന്‍ അല്ലെ ഇത് അലമാരയില്‍ കൊണ്ട് വച്ചത്". ഞങ്ങള്‍ ഞെട്ടി പോയി. ഒപ്പം ആ മന്യദേഹവും.... ഞങ്ങള്‍ എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു. "തള്ളെ, ഇപ്പറഞ്ഞത്‌ മലയാളം അല്ലെ? അതെ മലയാളം തന്നെ". അദേഹം ഹിന്ദിയില്‍ കത്തി വയ്ക്കുന്നതിനു ഇടക്കാണ്‌ ഇത് അറിഞ്ഞുകൂടാത്ത പാവം ഭാര്യ ഈ ചതി പറ്റിച്ചത്. പിന്നീടു ഞങ്ങളെ കാണുമ്പോളെല്ലാം അങ്ങേര്‍ക്കു മലയാളമേ നാവില്‍ വരൂ. അദേഹം തിരുവനതപുരം കാരനായിരുന്നു. ഇപ്പോളും ഞങ്ങള്‍ ഇത് പറഞ്ഞു ചിരിക്കാറുണ്ട്. .....

Seasons Change........Do We???

ഇത് ഋതു എന്ന ശ്യാമപ്രസാദ് സിനിമ യുടെ തലക്കെട്ടാണ്... ഇന്നലെയാണ് ആ സിനിമ കണ്ടത്. അത് എന്നെ നന്നായി സ്പര്‍ശിച്ചു. ഇന്ന് ഡിസംബര്‍ പത്തു രണ്ടായിരത്തി പത്ത്... അന്ന് ഞങ്ങള്‍ മുപ്പതിയോന്നുപേര്‍ പിരിഞ്ഞു പലവഴിക്ക് പോയപ്പോള്‍ ആരോ പറഞ്ഞു പോലും... ഇന്ന് വീണ്ടും ഒത്തു കൂടാമെന്ന്...ഇന്ന് പലരും കാതങ്ങള്‍ക്കു അകലെ ആണ്... ഒത്തുകൂടല്‍ .....അത് സാധ്യമാണോ??? എന്റെ രണ്ടു കൂട്ടുകാര്‍ അതിനു തമാശ യുടെ നെറ്റിപ്പട്ടം ചാര്‍ത്തി ഇമെയില്‍ അയച്ചിരുന്നു.... ഞങ്ങള്‍ കുറച്ചു പേര്‍... എന്നും കൂടുന്നവര്‍.....ഇന്നും കൂടിയിരുന്നു.........ചിലരെയെല്ലാം വെറുതെ പ്രതീക്ഷിച്ചിരുന്നു....ആരും വന്നില്ല......വരാന്‍ സാധിക്കുന്നവരും.....ആ ഒത്തുകൂടല്‍ ഇനി സാധ്യമാണോ??? എല്ലാരേയും ഒരുമിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു പലപ്പോളും.........ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു.... പതുക്കെ പിന്‍വാങ്ങുന്നു...........